മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ നാഗ്പൂരിനടുത്തുള്ള ആയുധനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചതായി സംശയം. വെള്ളിയാഴ്ച രാവിലെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഫാക്ടറിയില്‍ രാവിലെ 10.30 ഓടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോള്‍ട്ടെ പറഞ്ഞു.
സ്‌ഫോടനത്തെത്തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളും ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. 12 പേര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും വിന്യസിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. സ്‌ഫോടന ശബ്ദം അഞ്ചു കിലോമീറ്റര്‍ അകലെ നിന്ന് കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഫാക്ടറിയില്‍ നിന്ന് കനത്ത പുക ഉയരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.