മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. അല്‍പ സമയം മുമ്പ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫേസ്ബുക്കില്‍ കുറിച്ചു.

ഡല്‍ഹിയില്‍ വെച്ചാണ് ഇന്ത്യന്‍ താരം ദുരന്തവാര്‍ത്തയറിയുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു. ഇരകള്‍ ഇനിയുമുണ്ടാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് മിന്നുമണി അധികൃതരോട് ആവശ്യപ്പെടുന്നത്.

2023ലാണ് മിന്നുമണി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുകയാണിപ്പോള്‍.

മിന്നുമണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അല്‍പ്പം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *