ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ അത് യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ പുതിയ കെട്ടിട പ്രവേശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദത്തെടുക്കല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം കണ്ടെത്തി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കുള്ള പരിചരണം ഉറപ്പുവരുത്താന്‍ സ്വന്തം സ്ഥലവും കെട്ടിടവും വേണം. രാജ്യത്തെ തന്നെ ഏറ്റവും ശിശുസൗഹൃദമായ സംസ്ഥാനമാണ് കേരളം. ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി കേരളം മാറി. ശിശുക്കളെ ഉപേക്ഷിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മറിയുമ്മ ഷരീഫ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത് മുഖ്യാതിഥിയായിരുന്നു. ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി, മലപ്പുറം ഡി.സി.പി.ഒ ഷാജിത ആറ്റാശ്ശേരി, സംസ്ഥാന ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് സുമേശന്‍, ജോയിന്റ് സെക്രട്ടറി മീരാദര്‍ശക്, ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറര്‍ കെ ജയപാല്‍, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി പി.സതീശന്‍, ട്രഷറര്‍ വി.ആര്‍ യശ്പാല്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.സുരേഷ്, കെ.ജയപ്രകാശ്, മഞ്ചേരി മെഡിക്കല്‍ കോളജ് പീഡിയാട്രീഷ്യന്‍ ഡോ.ഷിബു കിഴക്കേത്തറ, സാമൂഹ്യപ്രവര്‍ത്തകന്‍ ഹൈദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *