കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കൻ അഭയാർത്ഥികളെ ജയിലിലേക്ക് അയക്കേണ്ടെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റാനും തീരുമാനം. ഇതുവരെ എത്തിയ 15 പേരെ പുലർച്ചെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചിട്ടുണ്ട്. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയിൽ 67 ക്യാമ്പുകൾ സജ്ജമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ, അഭയാർത്ഥികളെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം.ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേർ അഭയാർത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തൽ. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസസിയെ തുടർന്ന് ഇന്ത്യയിലേക്ക് കൂടുതൽ അഭയാർത്ഥികൾ എത്താനുള്ള സാധ്യത പരിഗണിച്ച് തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നുണ്ട്.

ശ്രീലങ്കയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ മാത്രം കടൽദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതൽ അഭയാർത്ഥികൾ എത്തിയേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടനുസരിച്ച് തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.
അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാർഡ് നിരീക്ഷിക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപമുള്ള ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിൽ ആരെങ്കിലും നിലവിൽ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *