താമരശ്ശേരിയിൽ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. താമരശ്ശേരി അണ്ടോണ സ്വദേശി സന്ദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപ് അടച്ചു പൂട്ടിയ വീടിനകത്ത് എങ്ങനെ എത്തിയെന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. വിൽക്കാൻ വെച്ച പണിതീരാത്ത വീട് വാങ്ങാൻ താത്പര്യപ്പെട്ട് എത്തിയവരാണ് ഇന്നലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് സന്ദീപിന്റേതാണെന്ന് മനസിലായത്.താമരശ്ശേരി ആനപ്പാറപൊയിലിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന വീടിനകത്ത് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ടീ ഷർട്ടും, പാന്റും, ഷൂവും ധരിച്ച് ശരീരം പാതി നിലത്ത് മുട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. വിൽപ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ആനപ്പാറപ്പൊയിൽ സ്വദേശി അനീഷിന്റെ വീട്ടീലാണ് മൃതദേഹം കണ്ടത്തിയത്. നാല് വർഷത്തോളമായി പണി പൂർത്തീകരിക്കാതെ കിടക്കുന്ന വീടാണ് ഇത്. മൃതദേഹത്തിന് അടുത്ത് നിന്ന് സന്ദീപിന്റേതെന്ന് കരുതുന്ന ഫോണും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *