മലപ്പുറം: സംസ്ഥാനത്ത് വേനൽചൂട് കനത്തതോടെ ജനജീവിതം പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് പല ജില്ലകളിലും സൂര്യാതപം റിപ്പോർട്ട് ചെയ്തു.
മലപ്പുറം വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപം. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരൻ്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പിൽ മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്ത് അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. വയറിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവാവ് നിലവിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ 40 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കർശന മുൻകരുതൽ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
