പിണങ്ങോട്: വയനാട്ടിലെ പിണങ്ങോട് പ്രദേശത്തെ പ്രമുഖ കുടുംബങ്ങളിലൊന്നായ ചേനോരത്ത് കണ്ടി കുഞ്ഞിക്കുട്ട്യാലി ഹാജി–പുനത്തിൽ കദിയ ദമ്പതികളുടെ സന്താനപരമ്പരയിൽപ്പെട്ട ആയിരത്തിലേറെ കുടുംബാംഗങ്ങൾ പങ്കെടുത്ത സി.കെ. കുടുംബസംഗമം പിണങ്ങോടിന്റെ സാമൂഹിക ചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമെത്തിയ കുടുംബാംഗങ്ങളുടെ സാന്നിധ്യം സംഗമത്തെ വേറിട്ട അനുഭവമാക്കി.
കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. സി.കെ. കുടുംബ ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചെയർമാൻ ഉമ്മർ സി.കെ. അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.കെ. അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
സി.കെ. മമ്മു ഹാജി, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, സി.കെ. മൊയ്തു ഹാജി, സി.കെ. ആമിന എന്നിവരുടെ കുടുംബപരമ്പരയിൽപ്പെട്ട അംഗങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്. മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, പ്ലാന്റേഷൻ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കുടുംബത്തിന്റെ പാരമ്പര്യവും ചരിത്രവും പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം.
ചില കുടുംബങ്ങളിൽ ആറു തലമുറകളിൽപ്പെട്ടവരും രണ്ട് കുടുംബങ്ങളിൽ അഞ്ചു തലമുറകളിൽപ്പെട്ടവരും ഒരുമിച്ച് സംഗമത്തിൽ പങ്കെടുത്തത് അപൂർവ കാഴ്ചയായി. അവധിക്കാലമായതിനാൽ വിദേശത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങളിൽ വലിയൊരു വിഭാഗത്തിനും പങ്കെടുക്കാനായി.
ആദരിക്കൽ ചടങ്ങ്, സി.കെ. കുടുംബ സുവനീർ പ്രകാശനം, കുടുംബസ്മരണകൾ പങ്കുവെക്കൽ, കുടുംബചരിത്രാവതരണം, കലാ-കായിക മത്സരങ്ങൾ, കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും വിവിധ കലാപരിപാടികൾ എന്നിവയും സംഗമത്തിന്റെ ഭാഗമായി നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി, കല്ലങ്കോടൻ മൊയ്തു, ഗാനരചയിതാവ് ബാപ്പു വാവാട്, റഹൂഫ് എം., ഇസ്ഹാഖ് വി., ജാബിറലി സി.കെ., ഷമീം ബക്കർ സി.കെ., നിഷിൻ തസ്ലീം സി.എം., മുംതാസ് ടീച്ചർ, റോഷൻ പവാസ്, സുൽഫിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജനറൽ കൺവീനർ സി.കെ. അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. കുടുംബത്തിന്റെ ചരിത്രവും പാരമ്പര്യവും അബ്ദുൽ ഗഫൂർ താനേരിയും ഇബ്രാഹിം പുനത്തിലും വിശദീകരിച്ചു. ജുമൈല സി.കെ. നന്ദി രേഖപ്പെടുത്തി.
ഉസ്മാൻ സി.കെ., അയ്യൂബ് സി.കെ., ഹാഫിസ് സി.കെ., തൻസീർ സി.എ., ഷിബിന, റഹ്മത്ത് സി.കെ., ഹമിം ജാസിർ, ഹാരിസ് കെ.പി. എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
