അമരാവതി: പതിമൂന്നുകാരിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി കുറ്റകൃത്യം മൊബൈലില്‍ പകര്‍ത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ രണ്ട് ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
മേയ് 15നാണ് സംഭവം. ഏഴാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ സ്‌കൂളിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും നാലു യുവാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വേനലവധിക്കായി സ്‌കൂള്‍ അടച്ച സമയത്താണ് അതിക്രമം നടന്നത്. ഇത് നാലു പുരുഷന്‍മാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രണ്ടു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് പ്രതികള്‍ വാട്ട്‌സാപ്പ് വഴി വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.