ഭൂതത്താന്‍കെട്ട് ബാരേജിലെ വെളളം നിയന്ത്രണവിധേയമായി തുറന്നുവിടും

മഴ ശക്തിപ്രാപിക്കുന്നതിനാല്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് 30 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി ഇന്നുമുതല്‍(മേയ് 24 വെള്ളി) കൂടുതല്‍ വെളളം പുഴയിലേക്ക് നിയന്ത്രണവിധേയമായി തുറന്നുവിടും. ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

മാലിന്യമുക്ത നവകേരളം :അവലോകന യോഗം ഇന്ന് (മെയ് 25 )

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് ( 25.05.2024 ) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ജില്ലയിലെ വിവിധ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ വികസനസമിതിയോഗം ഇല്ല

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ മേയ് മാസത്തെ ജില്ലാ വികസനസമിതി യോഗം ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ വികസന സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

അറബിക് അതിഥി അധ്യാപക ഒഴിവ്

മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അധ്യാപക പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0495-2320694.

ഗസ്റ്റ് അധ്യാപക നിയമനം

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം . കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ മെയ് 31 ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. ഫോണ്‍: 0471-2474720, 2467728.

കുടുംബശ്രീ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

കുടുംബശ്രീ നേതൃത്വത്തില്‍ നടക്കുന്ന ‘അരങ്ങ്’ കലോത്സവത്തിന്റെ കോഴിക്കോട് ക്ലസ്റ്റര്‍ സംഘാടക സമിതി രൂപീകരിച്ചു.

കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിലേയും കോഴിക്കോട് കോര്‍പ്പറേഷനിലെയും കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് കോഴിക്കോട് ക്ലസ്റ്ററില്‍ മാറ്റുരക്കുക. മെയ് 27, 28, 29 തീയതികളില്‍ നടക്കാവ് സ്‌കൂളില്‍ വെച്ചാണ് മത്സരങ്ങള്‍. 27 ന് സ്റ്റേജിതര മത്സരങ്ങളും 28, 29 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും. അയല്‍കൂട്ട അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. വ്യക്തിഗത ഇനങ്ങളിലും 12 ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലേറെ കലാകാരികള്‍ മൂന്ന് ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ പങ്കെടുക്കും.

സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ സിന്ധു അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജാസ്മിന്‍, ജനറല്‍ കണ്‍വീനര്‍ പ്രഷിത, ജില്ലാ പോഗ്രാം മാനേജര്‍മാരായ ബിജേഷ്, ശ്രീഷ്മ എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ സാധനങ്ങളുടെ വണ്‍ സ്റ്റോപ്പ് സെന്ററായി ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്

പൊതുവിപണിയെക്കാള്‍ മികച്ച വിലക്കുറവും ഉന്നത ഗുണമേന്മയുമുള്ള സ്‌കൂള്‍ സാധനങ്ങളുടെ വണ്‍ സ്റ്റോപ്പ് സെന്ററായി മാറിയിരിക്കയാണ് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന കോഴിക്കോട് മുതലക്കുളത്തെ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്.

ബാഗ്, കുട, വെള്ളകുപ്പി, സ്‌കൂള്‍/കോളേജ് നോട്ട്ബുക്, ബോക്‌സ്, പേന, പെന്‍സില്‍, ഇറേസര്‍, ഷാര്‍പനര്‍, ലഞ്ച് ബോക്‌സ്, ബ്രൗണ്‍ പേപ്പര്‍… എന്ന് തുടങ്ങി എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. ദിവസം ശരാശരി അഞ്ച് ലക്ഷം രൂപയുടെ കച്ചവടമാണ് നടക്കുന്നത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ആയ ഈ വില്‍പ്പനശാലയില്‍ ത്രിവേണി നോട്ടുബുക്കിനാണ് അന്നും ഇന്നും ഡിമാന്‍ഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ഉല്‍പ്പന്നമായ ത്രിവേണി നോട്ടുബുക്ക് സാധാരണ നോട്ട്ബുക്കുകളെ അപേക്ഷിച്ച് വലുപ്പം കൂടുതലും വില കുറവുമാണ്. പേജിന്റെ ഉന്നത ഗുണനിലവാരമാണ് പ്രത്യേകത. തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള ടി എന്‍ പി എല്ലിന്റെ (തമിഴ്‌നാട് ന്യൂസ് പേപ്പര്‍ ലിമിറ്റഡ്) പേപ്പര്‍ ടെന്‍ഡര്‍ വിളിച്ചാണ് നോട്ടുബുക്ക് നിര്‍മാണം. കുന്നംകുളത്തെ ത്രിവേണിയുടെ തന്നെ യൂണിറ്റ് ആണ് നിര്‍മിക്കുന്നത്.

ബാഗ് ഹൗസ് എന്ന നിലയിലും വില്‍പ്പനശാല ഹിറ്റാണ്. ബ്രാന്‍ഡഡ് ബാഗുകള്‍ മുതല്‍ സഹകരണ സംഘങ്ങള്‍ നിര്‍മിക്കുന്ന ബാഗുകള്‍ വരെ ലഭ്യമാണ്. ബ്രാന്‍ഡഡ് കുടകള്‍ക്ക് മറ്റാരും നല്‍കാത്ത വിലക്കുറവുണ്ട്. ഒരു കുടയ്ക്ക് പൊതുവിപണിയെ അപേക്ഷിച്ചു എം ആര്‍ പിയില്‍ 100 മുതല്‍ 150 രൂപ വരെയാണ് കുറവ്. 200 കുടകളാണ് ദിവസം വിറ്റുപോകുന്നത്.

മറ്റ് പഠനോപരണങ്ങള്‍ക്ക് പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ കളിപ്പാട്ടവും വീട്ടകങ്ങളിലേക്ക് അത്യാവശ്യം ഗൃഹോപകരണങ്ങളുംസജ്ജമാക്കിയിട്ടുണ്ട്. ഈ രണ്ട് ഐറ്റത്തിനും 45 ശതമാനം വരെ വിലക്കുറവുണ്ട്.

ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടേക്ക് വരുന്നതിന് പുറമെ മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും ആവശ്യക്കാരുണ്ട്.

വിലക്കയറ്റം തടയാന്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കണ്‍സ്യൂമര്‍ഫെഡ് മുഖേന സ്‌കൂള്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയത്.

കേരളത്തില്‍ ഇത്തരത്തില്‍ 500 സ്‌കൂള്‍ മാര്‍ക്കറ്റുകളുണ്ട്. 172 എണ്ണം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളായും 328 എണ്ണം സംസ്ഥാന സഹകരണ സംഘങ്ങള്‍ മുഖേനയുമാണ് നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ 45 സ്ഥലങ്ങളിലുള്ള സ്‌കൂള്‍ മാര്‍ക്കറ്റുകളില്‍ 16 എണ്ണം ത്രിവേണി ആയും ബാക്കി സഹകരണ സ്ഥാപനങ്ങള്‍ വഴിയും പ്രവര്‍ത്തിക്കുന്നു.

മുതലക്കുളത്തെ സ്‌കൂള്‍ മാര്‍ക്കറ്റ് ജൂണ്‍ 15ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *