ആലപ്പുഴ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതി നിഖിൽ തോമസിന്റെ മൊഴി പുറത്ത് . തന്നെ വിദേശത്തുള്ള സുഹൃത്ത് ചതിച്ചതാണെന്നും ഇയാള്‍ പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും പ്രാഥമിക ചോദ്യം ചെയ്യലിനിടെ നിഖിൽ പറഞ്ഞു.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ പറഞ്ഞു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്ന് വിവരമുണ്ട്.

ഇന്ന് പുലർച്ചെ 12: 30 ന് കോട്ടയം ബസ്‌ സ്‌റ്റാൻഡിൽ വെച്ചാണ്‌ നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്
രാത്രി തന്നെ നിഖിലിനെ പോലീസ് പ്രാഥമികമായി ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യംചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടർന്ന് വൈകീട്ട് അഞ്ച് മണിയോടു കൂടി കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *