സെപ്റ്റംബര്‍ അവസാനത്തോടെ 18 ന് മുകളില്‍
എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍
ആവശ്യത്തിന് ആശുപത്രി കിടക്കകളും ഐ.സി.യുകളും സജ്ജമാക്കും
സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. അതിനായി ജില്ലകളില്‍ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്താനും നിര്‍ദ്ദേശിച്ചു.
സിറിഞ്ചുകളുടെ ക്ഷാമം പരിഹരിച്ചുവരുന്നു. 1.11 കോടി ഡോസ് വാക്സിന്‍ സംസ്ഥാനത്തിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടിയ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
ഒന്നേമുക്കാല്‍ വര്‍ഷമായി കോവിഡ് പ്രതിരോധത്തിനായി സമര്‍പ്പിതമായ സേവനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ഓണം കഴിഞ്ഞതോടെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കണം. മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.
കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കണം. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികളില്‍ സജ്ജമാക്കുന്ന സംവിധാനം യോഗം വിലയിരുത്തി. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് മുന്‍കൂട്ടി കണ്ട് ഓരോ ജില്ലകളും ആശുപത്രി കിടക്കകള്‍, ഓക്സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കുന്നുണ്ട്. പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുവും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കും.
ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ആര്‍.സി.എച്ച്. ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്സ്. 2897/2021
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍
ആഗസ്റ്റ് 26 ന് പ്രവര്‍ത്തനം ആരംഭിക്കും
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സിയാണ് ടെര്‍മിനല്‍ കോംപ്ലക്‌സ് നിര്‍മിച്ചത്.
3,70,244 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, 75 കോടി രൂപ ചെലവിലുള്ള ബഹുനില കെട്ടിടത്തിന്റെ നിര്‍മാണം 2009 ല്‍ ആരംഭിച്ച് 2015 ല്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, കരാറടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാനുള്ള നടപടികള്‍ 2015 ല്‍ ആരംഭിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സിയും കെ.റ്റി.ഡി.എഫ്.സിയും കരാറുകാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതു കാരണം കരാര്‍ ഒപ്പുവെച്ച് ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിരന്തരമായ ചര്‍ച്ചകളെത്തുടര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 2021 ഫെബ്രുവരി 17 ലെ മന്ത്രിസഭായോഗം അംഗീകരിച്ച വ്യവസ്ഥകള്‍ പ്രകാരം മടക്കി നല്‍കേണ്ടാത്ത 17 കോടി രൂപയും, പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും, മൂന്നുവര്‍ഷം കൂടുമ്പോള്‍ വാടക ഇനത്തില്‍ 10 ശതമാനം വീതം വര്‍ധനയും എന്ന ഉയര്‍ന്ന നിരക്കില്‍ ആലിഫ് ബില്‍ഡേഴ്‌സ് ആണ് 30 വര്‍ഷത്തേക്ക് കരാര്‍ എടുത്തിരിക്കുന്നത്. 30 വര്‍ഷം കൊണ്ട് ഏകദേശം 250 കോടിയില്‍പ്പരം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബസ് ടെര്‍മിനല്‍ കോഴിക്കോട് നഗരത്തിന്റെ വ്യാപാര വാണിജ്യ മേഖലയുടെ വികസനത്തിന് കുതിപ്പേകും.
ടിക്കറ്റിതര വരുമാനത്തിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയ്ക്കുകയും ബസ് ടെര്‍മിനലുകള്‍ ആധുനിക സംവിധാനത്തോടെ പരിഷ്‌കരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുളളത്.
ആഗസ്റ്റ് 26ന് വൈകുന്നേരം പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു താക്കോല്‍ കൈമാറി കെട്ടിടം തുറന്നുകൊടുക്കും.
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി എം.ഡി ബിജു പ്രഭാകറും കെ.റ്റി.ഡി.എഫ്.സിക്ക് വേണ്ടി ഡോ: ബി. അശോകും ആലിഫ് ബില്‍ഡേഴ്‌സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച് കൈമാറും.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രത്യേക സന്ദേശം നല്‍കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി, മേയര്‍ ഡോ: ബീനാ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഡോ: നരസിംഹുഗാരി റ്റി.എല്‍. റെഡ്ഢി തുടങ്ങിയവര്‍ സംബന്ധിക്കും.
പി.എന്‍.എക്സ്. 2898/2021
ഹെല്‍പ്പര്‍ ഒഴിവില്‍ അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. എസ്. എസ്. എല്‍. സിയാണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്ളീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281999057.
പി.എന്‍.എക്സ്. 2899/2021
2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം 2500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ആഗസ്റ്റ് 24ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടന്നു. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്-1/239/2021 ഫിന്‍. തിയതി 18.08.2021 & എസ്.എസ്-1/240/2021 ഫിന്‍. തിയതി 18.08.2021 ) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in ) സന്ദര്‍ശിക്കുക.
പി.എന്‍.എക്സ്. 2900/2021
