ഇന്ത്യൻ ചന്ദ്രയാൻ ദൗത്യ വിജയത്തിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍.ചന്ദ്രനിലിറങ്ങിയ ചന്ദ്രയാൻറെ സുന്ദരമായ ചിത്രമാണ് ഗൂഗിൾ ഡൂഡിലായി ഇന്ന് നൽകിയിരിക്കുന്നത്.ചന്ദ്രയാൻ വിജയം ലോകം മുഴുവൻ ഉറ്റുനോക്കിയ രാത്രിയാണ് കഴിഞ്ഞ് പോയത്.നിരവധി പ്രശംസയാണ് രാജ്യത്തിന് ലഭിക്കുന്നത്.

ഇന്നലെയാണ് ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യം വിജയകരമായി അവസാനിച്ചത്.ഇന്നലെ വൈകിട്ട് 5.20 മുതൽ കൺട്രോൾ സെന്ററിലെ ദൃശ്യങ്ങൾ പുറത്തു വന്നു തുടങ്ങി. കൃത്യം 5.44 ന്, ചന്ദ്രോപരിതലത്തിൽ നിന്ന് 30.33 കിലോമീറ്റർ ഉയരത്തിലും സെക്കൻഡിൽ 1683 മീറ്റർ വേഗത്തിലും കുതിച്ചുപായുകയായിരുന്ന ലാൻഡറിനു വേഗ നിയന്ത്രണത്തിനുള്ള കടിഞ്ഞാണിടാൻ ഇസ്ട്രാക്കിൽനിന്നുള്ള നിർദേശം പുറപ്പെട്ടു. റഫ് ബ്രേക്കിങ്, ആറ്റിറ്റ്യൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിങ്, തിരശ്ചീനമായി താഴെയിറക്കൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ, എല്ലാ ഘട്ടങ്ങളിലും നിശ്ചയിച്ചുറപ്പിച്ചതിൽ നിന്നു മാറാതെ ചന്ദ്രയാൻ മുന്നേറി. അവസാനത്തെ 149.8 മീറ്റർ ഉയരത്തിൽ വച്ചു ലാൻഡിങ് നടത്തേണ്ട സ്ഥലത്തെക്കുറിച്ചു സെൻസറുകളും ക്യാമറകളും നൽകിയ സൂചനകൾ വിലയിരുത്തിയ ലാൻഡർ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനത്തു തന്നെ ലാൻഡ് ചെയ്തു.

യുഎസ്, പഴയ സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ; ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവും. ചന്ദ്രയാൻ 3ന്റെ വിജയാഘോഷത്തിലാണ് രാജ്യമാകെ.

Leave a Reply

Your email address will not be published. Required fields are marked *