ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരണവുമായി അതിജീവിത. ജീവിതം ഒരു ബൂമറാംഗ് ആണെന്നും നിങ്ങൾ എന്താണോ നൽകുന്നത് അത് തിരിച്ചു കിട്ടുമെന്നും അതിജീവിത ഫേസ്ബുക്കിൽ കുറിച്ചു. കേസ് നടക്കുന്നതുകൊണ്ട് കൂടുതൽ സംസാരിക്കാനില്ലെന്നും ജാമ്യം നൽകാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും അതിജീവിത നേരത്തെ പ്രതികരിച്ചിരുന്നു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് അതിജീവിതയുടെ പ്രതികരണം വീണ്ടുമെത്തിയത്. രഹസ്യമായ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ തനിക്ക് അതൃപ്തിയുണ്ട്. മാധ്യമങ്ങളിലൂടെ രഹസ്യമായ വിവരങ്ങൾ പുറത്തു വന്നു. ഡിജിറ്റൽ തെളിവുകൾ അടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും അതിജീവിത പറഞ്ഞു. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടിയുള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. അതേ സമയം, വിധി പകർപ്പ് വന്ന ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്‍റെ അഭിഭാഷകൻ അറിയിച്ചു.സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദിഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *