പിഎം ശ്രീ പദ്ധതിയിലെ കരാർ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. എല്‍ഡിഎഫ് ഈ വിഷയം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വ്യവസ്ഥ എന്താണെന്ന് മനസിലാക്കാതെ കൂടുതൽ പ്രതികരിക്കാൻ കഴിയില്ല. മുന്നണിയിലെ എല്ലാ പാർട്ടികൾക്കും അഭിപ്രായം പറയാവുന്നതാണ്. കേരളത്തിന് അർഹമായ പണം വാങ്ങിയെടുക്കണം എന്നത് പൊതു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ പ്രധാന പാര്‍ട്ടിയാണ് സിപിഐ. അവര്‍ പറയുന്നത് കേള്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ട്. അനൈക്യം മുന്നണിയിലില്ല. എല്‍ഡിഎഫ് ചർച്ച ചെയ്ത ശേഷം തുടർ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം പിഎം ശ്രീ നടപ്പാക്കാനെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ദേശീയ വിദ്യാഭ്യാസ നയത്തിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
വിദ്യാർത്ഥി സമൂഹത്തിന് അപകടമാണെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി നടപ്പിലാക്കണം. സർക്കാർ എസ് എഫ് ഐയോട് ചർച്ച ചെയ്തിരുന്നു. അന്നേ നിലപാട് അറിയിച്ചിരുന്നതായും വര്‍ഗീയ പുസ്തകങ്ങള്‍ കേരളത്തില്‍ അനുവദിക്കരുതെന്നും പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.
