തിരുനെൽവേലിയിൽ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിന് മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് പാലമട ഗ്രാമത്തിലുള്ള ആറുമുഖകനി (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. ആറുമുഖകനിയുടെ ഭര്‍ത്താവ് പേച്ചി ചെന്നൈയില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്. കോയമ്പത്തൂരില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അരുണ അവധിക്ക് വീട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയെക്കുറിച്ച് ആറുമുഖകനി അറിയിച്ചു. എന്നാല്‍, തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് തയ്യാറല്ലെന്നും അരുണ പറഞ്ഞു.ഇതോടെ അമ്മയും മകളും തമ്മില്‍ വഴക്കായി. പിന്നീട് അരുണ ഉറങ്ങാന്‍ മുറിയിലേക്ക് പോയി. കുറച്ചുസമയത്തിനുശേഷം മുറിയിലെത്തിയ ആറുമുഖകനി ആദ്യം മകളുടെ കൈയിലെ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. അതിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിനുശേഷം വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ആറുമുഖകനിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടനില തരണംചെയ്ത ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.കോയമ്പത്തൂരില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന അരുണ ആറു മാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. വരന്‍റെ കുടുംബം കഴിഞ്ഞ ദിവസം അരുണയുടെ വീട് സന്ദര്‍ശിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.
Home National