പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രണ്ടാംസ്ഥാനത്ത് പോലും എത്താതിരുന്നതോടെ പാര്‍ട്ടിക്കുണ്ടായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ചകള്‍ സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കും. പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം നയിച്ച എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. സിപിഎമ്മില്‍ ദൂരവ്യാപക ചര്‍ച്ചകള്‍ക്ക് വഴി മരുന്നിടുന്നതാണ് പാലക്കാട്ടെ തോല്‍വി. സ്ഥാനാര്‍ഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയസമീപനങ്ങള്‍ വരെ വരും ദിവസങ്ങളില്‍ ഇഴകീറി പരിശോധനക്ക് വിധേയമാകും.
പ്രചാരണത്തിന്റെ അവസാനം സുപ്രഭാതത്തിലും സിറാജിലും നല്‍കിയ പരസ്യം തന്ത്രപരമായ മറ്റൊരു വീഴ്ചയായി. ഭൂരിപക്ഷ വിഭാഗത്തെയോ അതോ ന്യൂനപക്ഷങ്ങളെയോ ആരെ ഒപ്പം നിര്‍ത്തണമെന്നതില്‍ വ്യക്തതയില്ലാത്ത വിധം പാളുന്നതായി പാലക്കാട്ടെ സിപിഎം അടവുനയങ്ങള്‍. വര്‍ഗ്ഗീയശക്തികള്‍ കോണ്‍ഗ്രസിന് നല്‍കിയ വിജയമെന്ന് പുറത്ത് പറയുമ്പോഴും പാര്‍ട്ടി പരാജയം വിശദമായി പരിശോധിക്കും.