തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപി എ ഗ്രൂപ്പാണെന്ന് പറയുന്നത് എട്ടാമത്തെ അത്ഭുതമാണെന്ന് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തനിക്കെതിരായ സൈബർ ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നും, ഷാഫി പറമ്പിലിന് വേണ്ടി അടൂരുകാരനായ ശിഷ്യനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മറ്റു നേതാക്കൾ ഇത് ആസ്വദിക്കുകയാണെന്നും സൈബർ ആക്രമണം തുടർന്നാൽ ഡയറിയിലുള്ള നിർണായക വിവരങ്ങൾ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നൽകിയ അദ്ദേഹം, പനമ്പിള്ളി നഗറിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട കാര്യവും ‘2020’ എന്ന വാഹന നമ്പറും പിന്നീട് വിശദമായി വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി.
സോളാർ കേസ് കാലത്ത് പ്രതിച്ഛായാഭയം കാരണം ഉമ്മൻ ചാണ്ടിയെ കൈവിട്ടവരാണ് ഇപ്പോഴത്തെ ഉമ്മൻ ചാണ്ടി ശിഷ്യന്മാരെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിക്കെതിരെ ആക്രമണമുണ്ടായപ്പോഴും കുടുംബത്തെ അധിക്ഷേപിച്ചപ്പോഴും ഒപ്പം നിന്നത് താനും സിദ്ദിഖുമാണെന്നും, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ തുടങ്ങിയവരെ സംരക്ഷിക്കാൻ ശ്രമിച്ച ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. സോളാർ സമരവുമായി ബന്ധപ്പെട്ട് ട്രെയിനിൽ വെച്ച് തനിക്ക് മർദ്ദനമേറ്റപ്പോൾ ആശുപത്രിയിൽ ആദ്യമെത്തിയത് ഉമ്മൻ ചാണ്ടിയാണെന്നും, ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷമാണ് പലരും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളുമായി രംഗത്തുവന്നതെന്നും അദ്ദേഹം വിമർശിച്ചു.\
ഉമ്മൻ ചാണ്ടി അവസാനകാലത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് അഖിലിന്റെ പേരായിരുന്നുവെന്നും, അത് അവഗണിച്ചാണ് അടൂരുകാരനെ ആ സ്ഥാനത്ത് കൊണ്ടുവന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആശാന് വേണ്ടി ഇറങ്ങിത്തിരിച്ച ശിഷ്യൻ അടൂരിലെ വീട്ടിൽ വിശ്രമിക്കുകയാണെന്നും, തനിക്കെതിരായ ആക്രമണങ്ങളെല്ലാം അവിടെ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു.
1968 മുതൽ പാർട്ടിയിലുള്ള താൻ ആരോടും കടപ്പാടില്ലാത്ത നേതാവാണെന്നും, സോളാർ കേസിന് ശേഷം ഓണക്കോടിയുമായി വീട്ടിലെത്തിയ ഉന്നത നേതാവ് പോലും ഇപ്പോൾ ആക്രമണം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനം തുടർന്നാൽ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നേ പറയാനുള്ളൂവെന്നും, താൻ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമില്ലെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
