90-ലധികം പ്രമുഖർ, 400-ലധികം പങ്കാളികൾ; ഡിസൈൻ, കല, സംസ്കാരം എന്നിവയുടെ അപൂർവ കൂട്ടായ്മ

കോഴിക്കോട്: ഇന്ത്യയിലെ വിവിധ സർഗാത്മക മേഖലകളിലെ പ്രമുഖരെയും കലാകാരന്മാരെയും ഡിസൈനർമാരെയും ഒരേ വേദിയിൽ അണിനിരത്തി പുതിയ അനുഭവമൊരുക്കുന്ന 11°N (11 ഡിഗ്രി നോർത്ത്) ഡിസംബർ 17 മുതൽ 20 വരെ താമരശ്ശേരിയിലെ അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ക്യാമ്പസിൽ നടക്കും. മാത്ര ഡിസൈൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ സർഗാത്മക മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ ഈ കൂട്ടായ്മയുടെ പ്രധാന പരിപാടികൾ ഡിസംബർ 18, 19 തീയതികളിലാണ് നടക്കുക. ഡിസംബർ 20 പൊതുജനങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

11 ക്യൂറേറ്റർമാരുടെ നേതൃത്വത്തിൽ ഒരുക്കുന്ന 11 ക്യൂറേറ്റഡ് സ്പേസുകളാണ് പരിപാടിയുടെ പ്രധാന ആകർഷണം. സുരേഷ് എരിയാട്ട്, സുമന്ത് ജയകൃഷ്ണൻ, നാവു, ബോസ് കൃഷ്ണമാചാരി, വി. സുനിൽ, ജീത് തയ്യിൽ, സ്നേഹ ലൈപ്പ് പ്രോജക്ട്, അലീഷ്യ സൂസ–ജോർജ് സീമോൺ, വിനു ഡാനിയൽ, അബിൻ ചൗധരി, പുർബയൻ ചാറ്റർജി എന്നിവർ ക്യൂറേറ്റർമാരായി നേതൃത്വം നൽകും. ഓരോ ക്യൂറേറ്റർക്കൊപ്പവും അഞ്ച് പ്രാക്ടീഷണർമാർ വീതം അണിനിരക്കും.

യുവ ഡിസൈനർമാർ രൂപകൽപ്പന ചെയ്യുന്ന 11 പ്രാക്ടീസ് സ്പേസുകളും സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആർ. പീറ്റർ റിച്ച് ഉൾപ്പെടെ 11 കലാകാരന്മാർ ഒരുക്കുന്ന 11 ആർട്ട് ഇൻസ്റ്റലേഷനുകളും പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് (IIA) കാലിക്കറ്റ് സെന്ററുമായി സഹകരിച്ച് ഒരുക്കുന്ന 11 ഡിഗ്രി കോമൺസ് പന്ത്രണ്ടാമത്തെ സ്പേസായിരിക്കും.

“The Space Between the Noise” എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ സംവാദങ്ങൾ, പ്രദർശനങ്ങൾ, ശിൽപ്പശാലകൾ, കലാപ്രകടനങ്ങൾ, ഡിസൈൻ മാർക്കറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുണ്ടാകും. 90-ലധികം പ്രമുഖ പ്രാക്ടീഷണർമാർ 400-ലധികം പങ്കാളികളുമായി ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും.

കേരളത്തെ ദേശീയതലത്തിൽ ശ്രദ്ധേയമായ ഒരു ഡിസൈൻ ഡെസ്റ്റിനേഷനായി ഉയർത്തുന്നതിൽ 11°N നിർണായക പങ്കുവഹിക്കുമെന്ന് മാത്ര ഡിസൈൻ ഫൗണ്ടേഷൻ ഡയറക്ടർ ആർ. വിനോദ് സിറിയക് പറഞ്ഞു. ഡിസൈൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും അംഗീകാരം ലഭിച്ച കേരള ഡിസൈൻ നയത്തെക്കുറിച്ചും ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സർഗാത്മക സാധ്യതകൾക്ക് കൂടുതൽ അംഗീകാരവും ശ്രദ്ധയും നേടിക്കൊടുക്കാൻ ഈ സംരംഭത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 20-ന് നടക്കുന്ന പൊതുദിനത്തിൽ 11 സ്പേസുകളും പൊതുജനങ്ങൾക്ക് നേരിട്ട് സന്ദർശിക്കാനും അവയുടെ സൃഷ്ടിപരമായ ആശയങ്ങൾ അനുഭവിച്ചറിയാനും അവസരമുണ്ടാകും. മികച്ച ഡിസൈൻ ദൈനംദിന ജീവിതത്തെ എങ്ങനെ സ്വാധീനിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന വിഷയത്തിൽ അവതരണങ്ങളും സംവാദങ്ങളും നടക്കും.

ഡിസൈൻ, സംസ്കാരം, പ്രാദേശിക ശാക്തീകരണം എന്നിവയ്ക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പരിപാടിയുടെ പ്രിൻസിപ്പൽ പാർട്ണറായി സഹകരിക്കുന്നു.

വാർത്താസമ്മേളനത്തിൽ മാത്ര ഡിസൈൻ ഫൗണ്ടേഷൻ ഡയറക്ടർമാരായ വിവേക് പി.പി., ടോണി ജോസഫ്, ബ്രിജേഷ് ഷൈജാൽ, 11°N ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ബബിത രാജ്, കോർ ടീം അംഗം സോണിയ ടോണി, ക്രിയേറ്റീവ് ആൻഡ് ക്യൂറേറ്റോറിയൽ ഡയറക്ടർ ആയിഷ നർഗീസ് കാദിരി എന്നിവരും പങ്കെടുത്തു.

ഇന്ത്യയിലെ വിവിധ സർഗാത്മക മേഖലകളെ ഒരുമിപ്പിക്കുന്ന ഈ കൂട്ടായ്മ കേരളത്തിന് പുതിയൊരു സാംസ്കാരിക-ഡിസൈൻ അനുഭവം സമ്മാനിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *