ഇടുക്കി: ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ എന്‍ഒസിക്കായുള്ള അപേക്ഷ ജില്ലാ കലക്ടര്‍ നിരസിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഒസി ലഭിക്കുന്നതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നത്. പട്ടയമില്ലാത്ത ഭൂമിയിലാണ് കെട്ടിട നിര്‍മ്മാണം നടന്നിരുന്നത്. ഗാര്‍ഹികേതര ആവശ്യത്തിനാണ് നാല് നില കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയാണ് നിരസിച്ചത്. അനധികൃതമായി കൈവശം വച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും നിര്‍ദ്ദേശം. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റിലാണ് സിപിഎം ഓഫീസ് നിര്‍മ്മിച്ചിരുന്നത്. കുമളി- മൂന്നാര്‍ റോഡരികിലായിരുന്നു നിര്‍മ്മാണം.
എന്‍ഒസി വാങ്ങാതെ നിര്‍മ്മാണം നടത്തിയതിനെത്തുടര്‍ന്ന് റവന്യൂ വകുപ്പ് ആദ്യം നിര്‍മ്മാണം തടഞ്ഞിരുന്നു. പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് സിപിഎം ഓഫീസ് നിര്‍മ്മാണം തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി ഇടപെട്ട് സിപിഎം ഓഫീസ് നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
എന്‍ഒസിക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഉടമസ്ഥാവകാശ രേഖകളും സ്ഥലവും പരിശോധിച്ച ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പ് സര്‍വേ നടത്തി. പട്ടയം ഇല്ലാത്ത 12 സെന്റ് സ്ഥലം സിപിഎമ്മിന്റെ കൈവശമുണ്ടെന്ന് കണ്ടെത്തി.