പത്തനംതിട്ട തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്. പ്രതികള്‍ക്കെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇന്നലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *