തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതത്തിന് പ്രതി അഫാന്‍ ഉപയോഗിച്ചത് ഒരേ ചുറ്റികയാണെന്ന് പ്രാഥമിക നിഗമനം. ബന്ധുക്കളും കാമുകിയും ഉള്‍പ്പെടെ അഞ്ചുപേരെയും തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. തലയില്‍ അടിയേറ്റ ക്ഷതമുണ്ട്.
വെഞ്ഞാറമൂട്ടിലെ കടയില്‍ നിന്ന് അഫാന്‍ തന്നെ വാങ്ങിയ ചുറ്റികയാണ് കൊലക്ക് ഉപയോഗിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് പറയാന്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്ന് ഡി.വൈ.എസ്.പി അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത് പ്രതിയുടെ പിതൃസഹോദരന്‍ ലത്തീഫിനെയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. 20 തവണ തലക്കടിച്ചുവെന്നാണ് കണ്ടെത്തല്‍. ഒരുമാസമായി മദ്യപിക്കാറുണ്ടായതായി പ്രതി ഡോക്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പ്രതി നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതി സ്വസ്ഥത കാണിക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാല്‍ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.