നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാന്‍ഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നാണ് ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് അതെല്ലാം എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ നിരസിക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. 27 നും ചെന്താമരയ്ക്ക് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് ഉള്ളത്. ചെന്താമരയ്ക്ക് ജാമ്യം നല്കുകയാണെങ്കില്‍ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *