പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി.നടപടിയെടുക്കാൻ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. നടപടി നേരിട്ട ഉദ്യോഗസ്ഥന്‍റെ കയ്യില്‍ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും വീഴ്ചയിൽ ക്രിമിനൽ നിയമ നടപടി എടുക്കുമെന്നും സൈബർ സെല്ലിന് പരാതി നൽകുമെന്നും ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി രംഗത്തെത്തിയത്.പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നായിരുന്നു ആന്‍റോ ആന്‍റണിയുടെ ആരോപണം. ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ നീക്കമാണിത്. ആരോപണത്തില്‍ തെളിവും ആന്‍റോ ആന്‍റണി പുറത്തുവിട്ടു. അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു. ആന്‍റോ ആന്‍റണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തില്‍ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു നെറ്റ് വര്‍ക്കാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആന്‍റോ ആന്‍റണി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *