രാജ്യത്ത് പ്രതിദിനം കൊവിഡ്-19 കേസുകൾക്ക് തുടര്‍ച്ചയായി കുറവ്. എന്നാൽ, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതതിൽ ഏറ്റവും വലിയ പരിശോധനാ നിരക്കാണ് ഇത്തരത്തിൽ രോഗബാധ വര്‍ദ്ധിച്ചതിന് കാരണം. വിവിധ സംസ്ഥാനങ്ങൾ ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെയുള്ള ദിവസങ്ങളിൽ പുറത്തുവരുന്ന കൊവിഡ് കണക്കുകൾ ആശ്വാസം പകരുന്നതാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,427 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,69,48,874 ആയി ഉയർന്നു. ഒരു ഘട്ടത്തിന് നാല് ലക്ഷത്തിന് മുകളിൽ ദിനം പ്രതി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോൾ കുറവ് സംഭവിച്ചിരിക്കുന്നതെന്ന് ആശ്വാസകരമാണ്. പ്രതിദിന രോഗമുക്തി നിരക്കിൽ വൻ വര്‍ദ്ധനവ് ഉണ്ടായതും പ്രതീക്ഷയേകുന്ന കാര്യമാണ്.
പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിക്കാൻ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,194 പേർക്ക് ജീവൻ നഷ്‌ടമായതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,95,525 ആയി ഉയർന്നു. നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *