
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് പ്രഖ്യാപനം. ജൂൺ 23ന് വോട്ടെണ്ണൽ നടക്കും. പിവി അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയത്. ഗുജറാത്ത്, കേരള, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ.പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജമാക്കുന്നത്. 59 പുതിയ പോളിങ് ബൂത്തുകൾ ഇതിൽ ഉൾപ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് അറിയിച്ചിരുന്നു.
മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. 2016-ലാണ് നിലമ്പൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്ന മണ്ഡലമായിരുന്നു നിലമ്പൂർ. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദായിരുന്നു ദീർഘകാലം നിലമ്പൂരിന്റെ എംഎൽഎ. നിലമ്പൂരിൽ ആര്യാടൻ മാറിയതോടെയാണ് അൻവൻ അട്ടിമറി വിജയം നേടിയത്. ഇത് സിപിഐഎമ്മിന് വൻ നേട്ടമായിരുന്നു.