ന്യൂ ഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മുമ്പ് നടന്ന വീഴ്ചകളിൽ നിന്ന് എൻ.ടി.എ ഒരു പാഠവും പഠിച്ചില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ കുറ്റപ്പെടുത്തി. എൻ.ടി.എ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമർശം.
ഈ വിഷയത്തിൽ എൻ.ടി.എയ്ക്കും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചു. രണ്ടുവർഷം മുമ്പ് ചോദ്യപേപ്പർ ചോർന്നപ്പോൾ കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദ്ദേശങ്ങളിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ സമിതി ചെയർമാൻ ഡോ. കെ. രാധാകൃഷ്ണനോട് കോടതി നിർദ്ദേശിച്ചു. മേൽനോട്ട സമിതിയുടെ നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോർട്ട് മൂന്നുദിവസത്തിനകം സമർപ്പിക്കാൻ എൻ.ടി.എയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികൾ വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
