തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള അടൂര്‍ പ്രകാശിന്റെ ക്ഷണം തള്ളി സിപിഐ. അടൂര്‍ പ്രകാശിന്റെ ക്ഷണം കേട്ട് ചിരിവന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മോദി സ്തുതി നടത്തുന്ന ആളുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് കോണ്‍ഗ്രസ് നോക്കേണ്ടതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
എം.ആര്‍ അജിത് കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തൃശൂര്‍ പൂരത്തിനിടെ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ മന്ത്രിയുടെ ഫോണ്‍ ഒരു തവണ പോലും എടുക്കാത്ത ആളാണ് എം.ആര്‍ അജിത് കുമാറെന്നും എന്നാല്‍ ആര്‍എസ്എസ് നേതാക്കളെ അദ്ദേഹം പലതവണ കണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അങ്ങനെ ഒരാള്‍ ഡിജിപി ആവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടിയത്. ഭരണവിരുദ്ധ വികാരമടക്കം പല ഘടകങ്ങളുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കാനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.