അപേക്ഷ ക്ഷണിച്ചു
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2023-2024 സാമ്പത്തിക വർഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സർക്കാറിൽ നിന്നും ഒരു വിധത്തിലുളള സ്കോളർഷിപ്പും ലഭിക്കാത്ത ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കും ഡിഗ്രി /പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 25ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
താലൂക്ക് അടിസ്ഥാനത്തിൽ സ്ക്വാഡ് രൂപീകരിച്ചു
ആഗസ്റ്റ് 27 മുതൽ തുടർച്ചയായി അവധി വരുന്ന സാഹചര്യത്തിൽ അനധികൃത തരം മാറ്റം, മണ്ണെടുപ്പ്, ചെങ്കല്ല് ഖനനം എന്നിവ തടയുന്നതിനായി താലൂക്ക് അടിസ്ഥാനത്തിൽ സ്ക്വാഡ് രൂപീകരിച്ചതായി വടകര റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കൊയിലാണ്ടി: 04962620235, വടകര: 04962522361.
നോട്ടറി സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് പുതുക്കണം
സംസ്ഥാനത്ത് നിലവിലുള്ള നോട്ടറിമാരുടെ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഒക്‌ടോബർ ഒന്നു മുതൽ ഓൺലൈനായി നൽകണം. serviceonline.gov.in ൽ പേര്, ഇമെയിൽ, മൊബൈൽ നമ്പർ, പാസ്‌വേഡ് എന്നിവ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണം. തുടർന്ന് ലോഗിൻ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. അപ്ലൈ സർവീസസ് ഓപ്ഷനിലെ വ്യൂ ഓൾ അവെയ്‌ലബിൾ സർവീസ് ക്‌ളിക്ക് ചെയ്ത് റിന്വിവബിൾ നോട്ടറി ഓൺലൈൻ രജിസ്‌ട്രേഷൻ കേരളയിൽ വിവരങ്ങൾ രേഖപ്പെടുത്തി അപ്‌ഡേറ്റ് ചെയ്യണം. അപേക്ഷ നൽകുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് 0471-2518380, keralalawnotarydept@gmail.com എന്നിവയിൽ ബന്ധപ്പെടാം.
‘കേരളീയം-2023’ ലോഗോ എൻട്രി ക്ഷണിച്ചു
നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം-2023’ സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി keraleeyam2023official@gmail.com എന്ന മെയിലിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും.
സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തി സമയത്തിൽ മാറ്റം
ഓണം അവധിയോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നിന് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയായി പുനഃക്രമീകരിച്ചു.
സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം
സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 20ന് രാവിലെ 11 മുതൽ ഉച്ച ഒരു മണിവരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം kscsa.org യിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം. തിരുവനന്തപുരം – 8281098863, 8281098862, 8281098861, 0471-2313065, 2311654. ആലുവ – 8281098873.
പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര വസ്തുക്കൾ: മത്സരവുമായി ശുചിത്വമിഷൻ
ജില്ലാ ശുചിത്വമിഷൻ ഓണാഘോഷത്തിന്റെ ഭാഗമായി പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര വസ്തുക്കൾ നിർമിക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർക്ക് മത്സരത്തിൽ പങ്കെടുക്കാം. ‘കരവിരുതിന്റെ കയ്യൊപ്പ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പായും മത്സരിക്കാം. മാലിന്യ മുക്തം – നവകേരളം ക്യാമ്പയിനിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാഴ്വസ്തുക്കളിൽ നിന്ന് ഭംഗിയുള്ളതും ഈട് നിൽക്കുന്നതുമായ അലങ്കാര വസ്തുക്കൾ നിർമ്മിക്കുക എന്നതാണ് മത്സരം. നിർമ്മിച്ച അലങ്കാരവസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സി ഡി എസ്, ഹരിത കൺസോഷ്യം ഭാരവാഹികളെ ഏൽപ്പിക്കണം.
മികച്ച മൂന്ന് അലങ്കാര വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുത്ത ശേഷം സിഡിഎസ്, കൺസോഷ്യം ഭാരവാഹികളുടെ സാക്ഷ്യപത്രത്തോടെ ജില്ലാ ശുചിത്വമിഷന് കൈമാറുകയാണ് വേണ്ടത്. ജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പ് തലം സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ എന്നിങ്ങനെ പാരിതോഷികവും പ്രശംസാപത്രവും നൽകും.
ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വ്യക്തിഗത സ്ഥാനകാർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ പാരിതോഷികവും പ്രശംസാപത്രവും നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ തെരഞ്ഞെടുക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പ്രകൃതി സൗഹൃദ ബാഗുകളും പ്രശംസാപത്രവും നൽകും.
സെപ്റ്റംബർ രണ്ടിനകം അലങ്കാര വസ്തുക്കൾ പഞ്ചായത്ത് തലത്തിലും സെപ്റ്റംബർ 10 നകം ജില്ലാ തലത്തിലും സമർപ്പിക്കണം. ജില്ലാതല ഫല പ്രഖ്യാപനം സെപ്റ്റംബർ 21 ന് നടക്കും.
