കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കിയതു ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് ന​രഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സർക്കാർ ഹർജി നൽകിയത്.വിചാരണ കോടതി ശ്രീറാമിന്റെ വിടുതൽ ഹർജി പരിഗണിച്ചപ്പോൾ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ല എന്ന് പ്രോസിക്യൂട്ടഷൻ ചൂണ്ടിക്കാട്ടി. ആശുപത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തിൽ വകുപ്പ് 304 നിലനിൽക്കും എന്ന്പ്രോസിക്യൂട്ടർ കോടതിയിൽ ചൂണ്ടിക്കാട്ടി.

പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടു കൂടി തെളിവുകൾ നശിപ്പിക്കുവാനായി പരിശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപകടത്തിന് ശേഷം സർക്കാർ ഡോക്ടർ നിർദേശിച്ച ആശുപത്രിയിലേക്കല്ല ശ്രീറാം പോയത്. വിടുതൽ ഹർജിയിൽ ഐ പി സി വകുപ്പ് 304 ഒഴിവാക്കിയത് തെറ്റാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒക്ടോബർ 19ാം തീയതിയിലെ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് സ്റ്റേ ചെയ്തത്.ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയ്ക്കുമെതിരെ ചുമത്തിയ മനഃപൂര്‍വല്ലാത്ത നരഹത്യാക്കുറ്റം അഡീഷനല്‍ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. അശ്രദ്ധയോടെയുള്ള പ്രവൃത്തി മരണത്തിനു കാരണമായെന്ന വകുപ്പു കോടതി നിലനിര്‍ത്തിയിട്ടുണ്ട്. ഐപിസി 304എ പ്രകാരമുള്ള ഈ കുറ്റത്തിന് രണ്ടു വര്‍ഷം തടവാണ് പരമാവധി ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *