കൊച്ചി: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊപ്പം ശശി തരൂർ. പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഡിക്കോഡ് എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന തല കോൺക്ലേവിൽ മുഖ്യ പ്രഭാഷകനായിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.മൂന്ന് നേതാക്കൾക്കും തുല്യപ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡോ എസ് എസ് ലാലും മാത്യൂ കുഴൽനാടൻ എംഎൽഎയുമാണ് മുഖ്യ സംഘാടകർ. സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂരിന്റെ സാന്നിധ്യം ചർച്ചയാകുമ്പോഴാണ് പ്രൊഫഷണൽ കോൺഗ്രസ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ശ്രദ്ധേയം.

മുസ്ലീം ലീഗിന് പിന്നാലെ ശശി തരൂരിന് പിന്തുണയുമായി കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗവും ഇന്നലെ രംഗത്തുവന്നിരുന്നു. ശശി തരൂർ യുഡിഎഫിന്റെ പ്രമുഖ നേതാവാണ്. അദ്ദേഹത്തിന് അതിന്റെ സ്വീകാര്യതയുണ്ട്. ജനങ്ങൾക്ക് തരൂരിനോട് സ്‌നേഹമുണ്ടെന്നുമായിരുന്നു പി ജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫിന്റെ പ്രതികരണം. .നിയമസഭ ലക്ഷ്യം വെച്ചാണ് തരൂരിന്റെ നീക്കമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മേയർ ആര്യാ രാജേന്ദ്രനെതിരായ യുഡിഎഫ് സമരത്തിൽ തരൂർ പങ്കെടുക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരോക്ഷമായ വിമർശനം.എന്നാൽ ഇതിന് മറുപടിയുമായി ശശി തരൂർ രംഗത്തുവന്നു. സമരത്തിൽ പങ്കെടുക്കുന്നതിന് കാലതാമസം സംഭവിച്ചിട്ടില്ലെന്ന് തരൂർ പറഞ്ഞു. നവംബർ ഏഴിന് ആദ്യമായി മേയറുടെ രാജി ആവശ്യപ്പെട്ടത് താനാണെന്നും ഇത് വിസ്മരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും തരൂർ മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *