കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമാണെന്ന് സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദീപ് പറഞ്ഞു.
നിലപാട് പറയേണ്ട സമയത്തൊക്കെ അഭിപ്രായം പറയാതിരുന്ന ആത്മഭിമാനം ഇല്ലാതിരുന്ന കുറേയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ മാധ്യമങ്ങളിൽ വരട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജി വെക്കാതിരിക്കാമെന്നാണ് സുരേന്ദ്രൻ നോക്കുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജിവെക്കുകയാണ് വേണ്ടത് സന്നദ്ധതയല്ല അറിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വി മുരളീധരനോട് പെട്രോൾ വിലയെക്കുറിച്ച് ചോദിച്ചാൽ മതിയെന്ന് സന്ദീപ് പരിഹസിച്ചു. സ്വന്തം പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് വി മുരളീധരനെന്ന് സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.