സ്കൂളുകളിലും കോളേജുകളിലുമുള്ള വിദ്യാർഥികൾ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ (ഇ.എൽ.സി) ഭാഗമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സംവേദനാത്മകമായ പ്രവർത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാർഥികൾക്ക് മഹത്തായ തിരഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ ഭാഗമാവാനുള്ള വേദിയായിട്ടാണ് ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. യുവജനങ്ങളെ അവരുടെ തിരഞ്ഞെടുപ്പ് അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും വോട്ടർ രജിസ്ട്രേഷൻ, വോട്ടിംഗ് തുടങ്ങിയ പ്രക്രിയകൾ പരിചയപ്പെടുത്താനും ഈ ക്ലബ്ബുകൾ സഹായിക്കുന്നു.
ഇവിടെ പഠനം വിനോദവുമായി സമന്വയിപ്പിച്ചാണ് പ്രവർത്തനം നടക്കുന്നത്. ജിജ്ഞാസ ഉണർത്തുന്നതിനും വിമർശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലാണ് പ്രവർത്തനങ്ങളും ഗെയിമുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുവ വോട്ടർമാർക്കും ഭാവി വോട്ടർമാർക്കുമിടയിൽ തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിന്റെ സംസ്കാരം ശക്തിപ്പെടുത്തുകയെന്നതാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇ.എൽ.സികളിലൂടെ ലക്ഷ്യമിടുന്നത്.
എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ജില്ലാ ഇലക്ടറൽ ഓഫീസർമാർ വോളണ്ടിയർമാരുടെ പിന്തുണ തേടുന്നുണ്ട്. ഈ വോളണ്ടിയർമാർ പ്രധാനമായും ഫോം വിതരണം, ഫോം പൂരിപ്പിക്കൽ, ഡിജിറ്റൈസേഷൻ സമയത്ത് ബിഎൽഒമാരെ പിന്തുണയ്ക്കൽ എന്നിവയിൽ സഹായിക്കുന്നു. സന്നദ്ധതയും സമയവുമുള്ളവരെ മാത്രമേ ഇതിൽ ഉൾപ്പെടുത്തുന്നുള്ളൂ. പങ്കാളിത്തം പൂർണ്ണമായും സ്വമേധയാ ഉള്ളതാണ്, നിർബന്ധിതമല്ല.
എസ്.ഐ.ആർ പ്രവർത്തനങ്ങൾക്കിടയിൽ വോളണ്ടിയർമാരായി പ്രധാനമായും ഇ.എൽ.സികളിലെ വിദ്യാർത്ഥികൾ, എൻഎസ്എസ് , സിവിൽ സർവീസ് ആസ്പിരൻ്റ്സ് തുടങ്ങി വലിയൊരു വിഭാഗം മുന്നോട്ട് വരുന്നുണ്ട്. ഇതിലൂടെ ജനാധിപത്യ പ്രക്രിയയുടെ മഹത്തായ പ്രായോഗിക പരിചയം സ്വമേധയാ അവർക്ക് ലഭിക്കുന്നു. പഠനത്തിന് തടസ്സമുണ്ടാവാതെ അദ്ധ്യാപകരുടെ സഹായത്തോടെ വർഷങ്ങളായി ഈ പ്രവർത്തനം നടന്നുവരുന്നു. കേരളത്തിലെ ഇലക്ടൊറൽ ലിറ്ററസി ക്ലബ്ബുകളുടെ പ്രവർത്തനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
സംസ്ഥാനത്ത് സ്കൂളിലും കോളേജുകളിലുമായി 1700 ലധികം ഇ.എൽ.സികൾ പ്രവർത്തിക്കുന്നുണ്ട്. അഗളി, അട്ടപ്പാടി, കോഴിക്കോട് മേഖലകളിൽ എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ ഇ.എൽ.സികളുടെ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. മികച്ച ഇ.എൽ.സികൾക്ക് സംസ്ഥാനം ദേശീയ വോട്ടവകാശ ദിനത്തിൽ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് സ്കൂൾ കുട്ടികളുടെ സേവനം ഏലത്തൂർ ഇ.ആർ.ഒ ആവശ്യപ്പെട്ടതായ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ താൻ നേരിട്ട് ഇ.ആർ.ഒയുമായി സംസാരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അധ്യാപകരുടെ സമ്മതത്തോടെ പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ സ്വമേധയാ തയ്യാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇ.ആർ.ഒ ഉദ്ദേശിച്ചിരുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ആ വിദ്യാലത്തിൽ ഇ.എൽ.സി പ്രവർത്തിക്കുന്നുമുണ്ട്.
പഠനത്തെ ബാധിക്കാത്ത രീതിയിൽ മഹത്തായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ താല്പര്യമുള്ള കുട്ടികൾക്ക് നൽകുന്ന ഒരവസരമാണെന്നും അദ്ദേഹം പറഞ്ഞു.
