റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്നലെയാണ് റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ 13 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ അധികൃതർ തുടരുകയാണ്.

അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ 12 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടുവെന്നാണ് സൂചന. ഒമാനിൽ വിസ പുതുക്കിയ ശേഷം മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.

അപകടവിവരം ലഭിച്ചയുടൻ ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *