എൻഡിഎ മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ തീവ്രശ്രമം. ലാലു പ്രസാദ് യാദവിനെ ഇറക്കിയാണ് നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നണി മുന്നോട്ട് പോവുന്നത്. ലാലു പ്രസാദ് യാദവ് നിതീഷുമായി സംസാരിക്കും. എൻഡിഎയിലെത്തിയാൽ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയേക്കുമെന്നാണ് സൂചന. അതിനിടെ, സഖ്യത്തിലേക്കില്ലെന്ന നിലപാടിലുള്ള പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മമതയുമായി സംസാരിച്ചു. മമത ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണമെന്ന ആവശ്യമുയർത്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും മമതയെ സമീപിച്ചിട്ടുണ്ട്. അതേസമയം, നിതീഷ് കുമാറിനെതിരെ എൻഡിഎയിലും അതൃപ്തിയുണ്ട്. നിതീഷ് കുമാറിനെ സ്വീകരിക്കരുതെന്നാണ് എൻഡിഎയിലെ ഒരുവിഭാഗത്തിന്‍റെ ആവശ്യം. നിതീഷ് വിശ്വസിക്കാൻ കൊള്ളാത്ത നേതാവാണെന്ന് ബീഹാറിൽ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പരാമർശം ഇത് സൂചിപ്പിക്കുന്നതാണ്. എൻ ഡി എ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിതീഷ് കുമാറും ജെ ഡി യുവും ബി ജെ പി നേതാക്കളുമായി ചർച്ച തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം. ഈ ആഴ്ച നിർണായകമാണെന്നും എൻ ഡി എ മുന്നണിയിലേക്കുള്ള മടക്കത്തിന്‍റെ കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടായേക്കുമെന്നുമാണ് ജെ ഡി യു വൃത്തങ്ങൾ പറയുന്നത്. ബിഹാർ ബി ജെ പി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കൾ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത് ജെ ഡി യുവിന്‍റെ മടങ്ങിവരവിന്‍റെ ഭാഗമായാണെന്നതടക്കമുള്ള റിപ്പോർട്ടുകളാണ് പുറത്തുവിടുന്നത്. ‘ഇന്ത്യ’ മുന്നണിയുമായി അടുത്തിടെ അകൽച്ച പ്രകടിപ്പിക്കുകയായിരുന്നു നിതീഷ്. അതുകൊണ്ടുതന്നെ നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാ‍ർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാസഖ്യം വിട്ട് എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *