വിമാനത്തിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന തമാശയെത്തുടർന്ന് ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. ബാത് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ആദിത്യ വര്‍മയ്‌ക്കെതിരെയാണ് കേസ്. 2022 ജൂലൈയില്‍ സുഹൃത്തുക്കളോടൊപ്പം മെനോര്‍ക്ക ദ്വീപിലേക്കുള്ള യാത്രാമധ്യേ ഈസിജെറ്റ് വിമാനത്തില്‍ സ്ഫോടനം നടത്തുമെന്ന് ആദിത്യ സ്നാപ്പ് ചാറ്റിലൂടെ പറയുകയായിരുന്നു. താന്‍ താലിബാന്‍ അംഗമാണെന്നും ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പേ ആദിത്യ വര്‍മ സോഷ്യല്‍ മിഡിയയില്‍ കുറിച്ചിരുന്നു.
ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ M15ഉം M16ഉം ഇയാളെ ചോദ്യം ചെയ്തിരുന്നു. ഒരിക്കലും പൊതുജന ദുരിതം ഉണ്ടാക്കുകയോ പൊതുജനങ്ങളെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് വിചാരണ വേളയില്‍ കോടതി ഇയാള്‍ക്ക് താക്കീത് നല്‍കി. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴയും ഒടുക്കേണ്ടിവരും.

ആദിത്യ വര്‍മയുടെ സന്ദേശം വന്നതിന് പിന്നാലെ വിവരം യുകെ സുരക്ഷാസേന സ്പാനിഷ് അധികൃതര്‍ക്കും കൈമാറി. പിന്നാലെ രണ്ട് സ്പാനിഷ് എഫ് 18 യുദ്ധവിമാനങ്ങളും അയച്ചു. മെനോര്‍ക്കയില്‍ ഇറങ്ങുന്നത് വരെ അവ ജെറ്റ് വിമാനത്തെ പിന്തുടരുകയായിരുന്നു. ഈ യുദ്ധവിമാനങ്ങള്‍ ഈസിജെറ്റിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന്, ‘റഷ്യ-ഉക്രെയ്ന്‍ യുദ്ധം നടക്കുകയാണ്, അതിനാല്‍ ഇത് ആ സംഘട്ടനവുമായി ബന്ധപ്പെട്ട സൈനികാഭ്യാസമാണെന്ന് ഞാന്‍ കരുതി’ എന്ന് വര്‍മ്മ പറഞ്ഞു.
ചെയ്തത് തമാശയാണെന്നും കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കാന്‍ സൃഷ്ടിച്ച സന്ദേശമാണെന്നും ആദിത്യ വര്‍മ കോടതിയില്‍ പറഞ്ഞു. സ്‌കൂള്‍ കാലംമുതലേ ഇത്തരം തമാശകള്‍ ചെയ്യാറുണ്ടെന്നും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രമാണിതെന്നും ആദിത്യ വര്‍മ പറഞ്ഞു. എന്നാല്‍ ബോംബ് വിവരം വന്നതോടെ വിമാനത്തിന്റെ പൈലറ്റ് ഉടന്‍ അപായ അറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *