മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നിൽക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ഭരണഘടന. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മളെ പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ 76 -ാമത് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയം ലോകത്തിനു സംഭാവന നൽകിയത് ഇന്ത്യയാണ്. എല്ലാ വൈജാത്യങ്ങൾക്കും അതീതമായി ഇന്ത്യക്കാരായി നിലനിൽക്കുന്നത് ഭരണഘടനയിൽ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉൾക്കൊള്ളുന്നതിനാലാണ്. വൈവിധ്യപൂർണ്ണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ കോർത്തിണക്കി ഇന്ത്യ എന്ന ആശയത്തിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഇന്ത്യൻ ഭരണഘടന. ഏവരും തുല്യരാണെന്നും രാജ്യത്തിന്റെ ഭരണത്തിൽ പങ്കാളിത്തമുണ്ടെന്നും ഭരണഘടന നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.മാനവിക മൂല്യങ്ങളാണ് നമ്മുടെ കരുത്ത്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമ്പോഴാണ് രാജ്യം വികസിക്കുന്നത്.
പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന വിശാലമായ മാനവികമൂല്യങ്ങളിൽ ഉറച്ചുനിന്നു വേണം മുന്നോട്ടു പോകാനെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *