സെക്രട്ടേറിയറ്റിന് മുൻപിൽ ലാസ്റ്റ് ​ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോ​ഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ചർച്ച നടത്താൻ നിയമമന്ത്രി എ.കെ. ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഡിവൈഎഫ്ഐ നേതാക്കളും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. മന്ത്രിതല ചർച്ച ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. അനുകൂല ഉത്തരവുണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. ഇന്നു പെരുമാറ്റച്ചട്ടം വന്നാൽ സർക്കാർ തീരുമാനം നീണ്ടുപോകുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് എൽഡിഎഫും താൽപര്യപ്പെടുന്നു.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പുകൾക്ക് നിർദേശം നൽകിയതായി കാണിച്ച് ഇന്നലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച ഉദ്യോ​ഗാർഥികൾ തുടർ‌നടപടികൾ സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നാണ് അറിയിച്ചത്. ഉദ്യോ​ഗസ്ഥ പ്രതിനിധികളുമായി ഉദ്യോ​ഗാർഥികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. ഇതിന് പിന്നാലെയാണ് സമരം ഒത്തുതീർപ്പിക്കാൻ മന്ത്രിയെ നിയോ​ഗിച്ച് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗാർഥികളുമായി ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമും നടത്തിയ ചർച്ചയിലെ തീരുമാനങ്ങളാണ് ഇന്നലെ ഉത്തരവായി വന്നത്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ലിസ്റ്റിൽനിന്ന് പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്നാണ് ഉത്തരവിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *