മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്ന ഏറെ കോളിളക്കം സൃഷ്ടിച്ച ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ആരോപണം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിസിസിഐ . സാഹ ട്വിറ്ററിലൂടെയാണ് ആരോപണം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് പുറത്തുവിടാന്‍ സാഹ തയ്യാറായിരുന്നില്ല.
രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്‌തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരടങ്ങുന്നതാണ് മുന്നംഗ സംഘം. അടുത്ത ആഴ്ച്ച അന്വേഷണം ആരംഭിക്കും.
വിഷയത്തില്‍ ഇടപെടുമെന്നും സാഹയുമായി സംസാരിക്കുമെന്നും അരുണ്‍ ധുമാല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബിസിസിഐ ആവശ്യപ്പെട്ടാലും മാധ്യമപ്രവര്‍ത്തകന്റെ പേര് പറയില്ലെന്ന് വൃദ്ധിമാന്‍ സാഹ വ്യക്തമാക്കി. ‘ഇതുവരെ ബിസിസിഐയില്‍ നിന്ന് ആരും വിളിച്ചിട്ടില്ല. ഒരാളുടെ ജോലി തടസ്സപ്പെടുത്തുക എന്റെ ഉദ്ദേശമല്ല. എന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല പഠിപ്പിച്ചതെന്നും’ സാഹ പറഞ്ഞു.