സദാചാര പ്രശ്‌നം ആരോപിച്ച് അന്തർദേശീയ പുരസ്‌കാരം അടക്കം നേടിയ ‘ബിരിയാണി’യുടെ പ്രദർശനത്തിനു അനുമതി നിഷേധിച്ചതായി ആരോപണം.ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർ പി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ പറയുന്നു. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തീയറ്ററുമായി ബന്ധപ്പെട്ടപ്പോൾ മാനേജർ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ സജിൻ ബാബു വ്യക്തമാക്കി. രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത സിനിമ പ്രദർശിപ്പിക്കില്ലെങ്കിൽ ആദ്യമേ വ്യക്തമാക്കേണ്ടതാണെന്നും സജിൻ ബാബു പറഞ്ഞു.

സജിൻ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്

ദേശീയ,സംസ്ഥാന,അന്തർദേശിയ അംഗീകാരങ്ങൾ നേടിയ, രാജ്യത്തെ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം “ബിരിയാണി” കോഴിക്കോട് മോഹൻലാൽ സാറിൻ്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് RP മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാർത്ഥ കാരണം, അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല. തിയറ്ററുകൾ A സെർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാരപോലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *