സംസ്ഥാനത്ത് സ്വകാര്യ പണിമുടക്ക് തുടരുന്നതിനിടെ ബസ് യാത്ര നിരക്ക് കൂട്ടാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കി. ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു.

പരീക്ഷാ കാലത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വിമര്‍ശിച്ചു.അതെ സമയം ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നും മന്ത്രി തിരിച്ചടിച്ചു. സംഘടനകൾ ഇങ്ങോട്ട് വന്നാൽ ചർച്ചക്ക് തയ്യാറാണെന്ന നിലപാടിലാണ് ഗതാഗത മന്ത്രി. ഈ മാസം 30 ന് എൽഡിഎഫ് യോഗം ചേർന്നതിന് ശേഷം ബസ് ചാർജ് വർധനയിലടക്കം തീരുമാനം വരുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി.

നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ബസുടമകൾ. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വർധനയിലടക്കം 30 ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകൾ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബസുകൾ നിരത്തിലിറങ്ങുന്നുണ്ട്. ബസുടമകളുടെ സമരം പൊതുജനങ്ങൾക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകൾ ഇപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *