തീരസുരക്ഷക്കായി തീരദേശ പോലീസിന്റെ ഒരു മണിക്കൂർ നീണ്ട ഹെലികോപ്റ്റർ നിരീക്ഷണം. സ്വകാര്യ ഹെലികോപ്റ്ററിൽ തിരുവനന്തപുരം പൂവാർ മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ് ഒരു മണിക്കൂറിലെ ആകാശപ്പറക്കൽ നടന്നത്. എ.ഐ.ജി. പൂങ്കുഴലി, വിഴിഞ്ഞം സി.ഐ രാജ് കുമാർ, നീണ്ടകര സി. ഐ. രാജീഷ്, തോട്ടപ്പള്ളി സി.ഐ. റിയാസ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹെലികോപ്റ്റർ പട്രോളിംഗ്. കഴിഞ്ഞ ദിവസം രാവിലെ പത്തിന് കോവളം പാലസ് ജംഗ്ഷനിലെ ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ഒരു മണിക്കൂർ ചുറ്റിയടിച്ചശേഷം പതിനൊന്ന് മണിയോടെ കോവളത്ത് തിരിച്ചിറങ്ങി. അതേസമയം സുരക്ഷിതമായ ബോട്ടുകളില്ലാതെ തീരദേശ സ്റ്റേഷനുകൾ നട്ടം തിരിയുമ്പോഴാണ് ബന്ധപ്പെട്ടവരുടെ ആകാശപ്പറക്കലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. തീരസുരക്ഷയുടെ പേരിലായതിനാൽ ഹെലികോപ്റ്റർ ഉൾക്കടലിലേക്ക് പറന്നില്ല. തീരദേശ പൊലീസ് സ്റ്റേഷനുകളിൽ എല്ലായിപ്പോഴും കടൽ പട്രോളിംഗിന് ഉൾക്കടൽ വരെ പോകാൻ പാകത്തിലുള്ള ബോട്ട് വേണമെന്നുണ്ട്. തീരത്ത് നിന്ന് പന്ത്രണ്ട് നോട്ടിക്കൽ മൈൽ ഉൾക്കടൽ വരെയാണ് തീരദേശ പോലീസിന്റെ അധികാര പരിധി. എന്നാൽ ഇത്രയും ദൂരം സുരക്ഷിതമായി ഓടിയെത്താൻ പാകത്തിലുള്ള ബോട്ടുകൾ സംസ്ഥാനത്തെ ഭൂരിഭാഗം തീരദേശ സ്റ്റേഷനുകളിലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപരും ജില്ലയിൽ ഉള്ള മൂന്ന് സ്റ്റേഷനുകളിലെയും ബോട്ടുകൾ കണ്ടം ചെയ്യേണ്ട കാലവും കഴിഞ്ഞു. പുതിയ ബോട്ടുകൾ വേണമെന്ന അധികൃതരുടെ നിരന്തര ആവശ്യങ്ങൾക്കും പരിഹാരമുണ്ടായിട്ടില്ല. ഇതിനിടയിലാണ് ഒരു മണിക്കൂർ മാത്രം നീണ്ട ആകാശ നിരീക്ഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *