പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ പ്രധാന സംഭവങ്ങളും, രാഷ്ട്രീയത്തിലെ സുപ്രധാന ചലനങ്ങളും പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് വിടവാങ്ങിയത്.
ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. നിശ്ചല ഫ്രെയിമുകളിലൂടെ ജീവിതത്തിന്റെ ചടുലതയെയും ആത്മാവിനെയും രഘു റായ് ചിത്രങ്ങളിലേക്ക് ആവാഹിച്ചു. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങളാണ് രഘു റായിയെ ലോകശ്രദ്ധയിലെത്തിച്ചത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരതയും വേദനയും വിളിച്ചോതുന്ന രഘു റായിയുടെ കറുപ്പും വെളുപ്പും ചിത്രങ്ങള്‍ ലോകത്തെ പിടിച്ചുലച്ചു. ദുരന്തത്തില്‍ മരിച്ച ഒരു കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.
ഭാരതീയ ജീവിതത്തിന്റെ വൈവിധ്യങ്ങളായിരുന്നു രഘു റായിയുടെ പ്രധാന പ്രമേയങ്ങള്‍. മദര്‍ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത് റേ, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങിയവരുടെ ജീവിതം രഘു റായ് ക്യാമറയില്‍ പകര്‍ത്തി. തെരുവോരങ്ങള്‍, ഉത്സവങ്ങള്‍, ഗ്രാമീണ ജീവിതം എന്നിവയിലൂടെ ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ നേര്‍ചിത്രം രഘു റായ് ലോകത്തിനു മുന്നിലെത്തിച്ചു. കാശിയും ഹിമാലയവും രഘു റായിയുടെ ലെന്‍സിലൂടെ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തി. ‘ഫോട്ടോഗ്രഫി എന്നത് ഒരു നിമിഷത്തെ അതിന്റെ പൂര്‍ണ്ണതയില്‍ തടവിലാക്കുന്ന കലയും അനുഭവവുമാണെന്നാണ്,’ രഘു റായ് പറഞ്ഞിരുന്നത്.
1942ല്‍ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച രഘു റായ് സിവില്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1965ല്‍ 23-ാം വയസിലാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 1966-ല്‍ ദി സ്റ്റേറ്റ്‌സ്മാനിലാണ് തുടക്കം. പിന്നീട് സണ്‍ഡേ മാഗസിന്റെയും ‘ഇന്ത്യ ടുഡേ’ മാഗസിനിന്റെയും ഫോട്ടോ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1977-ല്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫി കൂട്ടായ്മയായ ‘മാഗ്നം ഫോട്ടോസി’ലേക്ക് ഇതിഹാസ ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ രഘു റായിയെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു രഘു റായ്
1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഫോട്ടോഗ്രഫി മേഖലയിലെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും രഘു റായ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഫോട്ടോഗ്രഫിയിലെ വിഗ്രഹപുരുഷനെയാണ് രഘു റായിയുടെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.
