ചവറയിൽ കള്ളനെ ഭയന്ന് പാഠപുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച ആറ് പവൻ സ്വർണാഭരണങ്ങൾ അദ്ഭുതകരമായി തിരികെ ലഭിച്ചു. വീട്ടിലെ പഴയ സാധനങ്ങൾക്കൊപ്പം അബദ്ധത്തിൽ ആക്രിക്കടയിൽ എത്തിയ ആഭരണങ്ങളാണ് ഉടമയ്ക്ക് തിരിച്ചുകിട്ടിയത്. ആകെ ഉണ്ടായിരുന്ന സ്വർണത്തിൽ നാല് ഗ്രാം ഒഴികെയുള്ളവ കണ്ടെത്താൻ സാധിച്ചു എന്നത് വീട്ടുകാർക്ക് വലിയ ആശ്വാസമായി.
തേവലക്കര പാലയ്ക്കൽ സ്വദേശി ഉമ്മർകുട്ടി കഴിഞ്ഞ ഇരുപത്തൊന്നാം തീയതിയാണ് വീട്ടിലെ പഴയ പുസ്തകങ്ങളും പാത്രങ്ങളും കുന്നേൽ ജംഗ്ഷനിലെ ആക്രിക്കടയിൽ വിറ്റത്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ്, സുരക്ഷിതമായിരിക്കാൻ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച ആഭരണപ്പെട്ടിയും ആക്രിക്കൂട്ടത്തിൽ പോയ വിവരം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ആക്രിക്കടയുടമ നിസാറിനെ വിവരം അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകങ്ങൾ മറ്റ് ആക്രി സാധനങ്ങൾക്കൊപ്പം കൂടിക്കലർന്നിരുന്നു.
തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീട്ടുകാരും കടയിലെ അഞ്ച് തൊഴിലാളികളും ചേർന്ന് ആക്രിക്കൂമ്പാരത്തിൽ നടത്തിയ കഠിനമായ തിരച്ചിലിലാണ് ആഭരണങ്ങൾ കണ്ടെടുത്തത്. ആദ്യഘട്ടത്തിൽ പെട്ടിയിൽ നിന്ന് പുറത്തുപോയ നിലയിൽ വളയും കമ്മലും മോതിരവും ലഭിച്ചു. പിറ്റേന്ന് നടത്തിയ വിശദമായ തിരച്ചിലിൽ മാലയും കണ്ടെത്താനായി. എന്നാൽ നാല് ഗ്രാം തൂക്കം വരുന്ന സ്വർണം മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. കൊടുംചൂടിനെ അവഗണിച്ചു നടത്തിയ ഈ തിരച്ചിലിനിടെ രണ്ട് തൊഴിലാളികൾക്ക് സൂര്യതാപമേൽക്കുകയും ചെയ്തു. കണ്ടെടുത്ത ആഭരണങ്ങൾ കടയുടമ നിസാർ തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ വെച്ച് ഉമ്മർകുട്ടിയുടെ ഭാര്യ അനിതയ്ക്ക് കൈമാറി.
