ഐ പി എൽ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുലുരുവും തമ്മിലുള്ള മത്സരം നാളെ നടക്കും. ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ തകര്‍ത്ത് വരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുലുരുവും രണ്ടാം സ്ഥാനക്കാരായി എത്തിയ രാജസ്ഥാന്‍ റോയല്‍സും തമ്മിൽ ഏറ്റു മുട്ടുമ്പോൾ വിജയവും ഭാഗ്യവും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമാണ്. ചാഹലും അശ്വിനും ട്രന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന ബോളിംങ്ങ് നിരയും ബട്ട്‌ലറും സഞ്ജുവും പടിക്കലും ഹെറ്റ്‌മെയറും ഉള്‍പ്പെടുന്ന ബാറ്റിങ്ങ് നിരയും ഉള്ളതാണ് രാജസ്ഥാന്റെ ശക്തി.
ആദ്യ ക്വോളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാൻ മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ഡേവിഡ് മില്ലറുടെ ബാറ്റിങ്ങിന് മുന്നില്‍ പരാജയം സമ്മതിക്കേണ്ടി വന്നു. ഇനി ആർ സി ബി ഉയർത്തുന്ന വെല്ലുവിളി കൂടി മറികടന്നൽ രാജസ്ഥാന് ഫൈനലിലെത്താം.
അതേസമയം വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെടുന്ന പേരുകേട്ട ബാറ്റിങ്ങ് നിര പേരിനും പെരുമക്കുമൊപ്പം സ്ഥിരത പുലര്‍ത്തുന്നില്ല എന്നതാണ് ആര്‍സിബിയുടെ പ്രധാന പ്രശ്‌നം. ആദ്യ എലിമിനേറ്ററില്‍ ശക്തരായ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് റോയല്‍സിനെതിരെ ഇറങ്ങുന്നത്. കോഹ്ലിയുടെ മികവിലാണ് ലീഗിലെ അവസാന മത്സരത്തില്‍ ഗുജറാത്തിനെ ആര്‍സിബി തോല്‍പ്പിച്ചതെങ്കില്‍ രജത് പട്ടിദാറിന്റെ മികവിലാണ് എലിമിനേറ്ററില്‍ സൂപ്പര്‍ ജെയ്ന്റ്‌സിനെ മറികടന്നത്. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്ക് സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ കാണിക്കുന്ന മികവാണ് ആര്‍സിബിയുടെ ഏറ്റവും വലിയ ആശ്വാസം.
ഐ പി എല്ലിലെ ഏറ്റവും നിർഭാഗ്യമുള്ള ടീമാണ് ആർ സി ബി. മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കപ്പെടുക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഫൈനലിലേക്ക് മുന്നേറാനായില്ല. എന്നാല്‍ ഇത്തവണ ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയത് കുറച്ച് ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ്. ആദ്യ എലിമിനേറ്ററില്‍ ലക്‌നൗ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നതും ആര്‍സിബിക്ക് അനുഗ്രഹമായി.അതിനാല്‍ ആര്‍സിബിയെ ഇത്തവണ ഭാഗ്യം കാക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
