തിരുവനന്തപുരം: കൊച്ചി കടലില്‍ അപകടത്തില്‍പെട്ട് ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ മുങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു സാഹചര്യങ്ങള്‍ വിലയിരുത്തി. തീരപ്രദേശത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കപ്പല്‍ പൂര്‍ണമായും മുങ്ങിയതിനെ തുടര്‍ന്നുള്ള സാഹചര്യം നേരിടുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷിച്ചു. 643 കണ്ടെയിനറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ ചില അപകടകരമായ വസ്തുക്കള്‍ ആണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി ഒമ്പതു കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞു. കൊല്ലത്ത് ഏഴ് എണ്ണവും ആലപ്പുഴയില്‍ രണ്ടെണ്ണവും തീരത്തണഞ്ഞു. കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്ടെയിനര്‍ എത്താന്‍ കൂടുതല്‍ സാധ്യത. എണ്ണപ്പാട പടരാം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണമായും ജാഗ്രത നിര്‍ദേശം നല്‍കിയതായും യോഗം അറിയിച്ചു. അപൂര്‍വ വസ്തുക്കള്‍, കണ്ടെയിനറുകള്‍ എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര്‍ എങ്കിലും അകലെ നില്‍ക്കുക, 112 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് വിവരം അറിയിക്കുക എന്നിവയും അധികൃതര്‍ നല്‍കിയ മുന്നറിയിപ്പിലുണ്ട്.
ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാധ്യമായ എല്ലാ നടപടികളും വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചു ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.