ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവവിവരം മറച്ചുവെച്ച് ചികിത്സയ്ക്കെത്തിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു. ശേഷം നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് പെൺകുട്ടി അച്ഛനും സഹോദരങ്ങൾക്കുമൊപ്പം രാത്രി 9 മണിയോടെ ആശുപത്രിയിലെത്തിയത്. ആർത്തവ വേദനയാണെന്നാണ് പെൺകുട്ടി ഡോക്ടർമാരോട് പറഞ്ഞത്. ഗർഭിണിയാണോ എന്ന സംശയത്തിൽ പരിശോധിക്കാൻ മുതിർന്നപ്പോൾ പെൺകുട്ടി അതിന് സമ്മതിച്ചതുമില്ല.
പുലർച്ചെ ഒരു മണിയോടെ ശുചിമുറിയിൽ പോയ പെൺകുട്ടി അവിടെ വെച്ച് പ്രസവിക്കുകയും തുടർന്ന് കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നു. ശുചിമുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും നഴ്സുമാരും ഓടിയെത്തി. ശുചിമുറി പരിശോധിച്ചപ്പോൾ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെങ്കിലും പെൺകുട്ടി ആദ്യം സഹകരിച്ചില്ല. തുടർന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ നടത്തിയ തിരച്ചിലിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. പെൺകുട്ടി പരിശോധനയ്ക്ക് സഹകരിച്ചിരുന്നില്ല.
പെയിൻ കില്ലർ മതിയെന്ന നിലപാടിലായിരുന്നു അവർ. എന്നാൽ ശുചിമുറിയിൽ നിന്നുള്ള കരച്ചിൽ കേട്ട് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു. കുഞ്ഞിന് പരിക്കുകളൊന്നുമില്ല. നവജാത ശിശു നിലവിൽ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അമ്മയെയും കുഞ്ഞിനെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി നിലവിൽ ന്യൂ ബോൺ ഐസിയുവിലാണ്.
