ഇന്ന് ജൂണ്‍ 26-ലോക ലഹരിവിരുദ്ധ ദിനം. രാജ്യാന്തര സമൂഹത്തില്‍ ലഹരി മരുന്നുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിവസം. 1987 ജൂണ്‍ 26 മുതല്‍ ഐക്യരാഷ്ട്ര സഭ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉപയോഗവും അനധികൃത വ്യാപാരവും നിയന്ത്രിക്കാനുദ്ദേശിച്ച് ആചരിക്കുന്ന ദിവസം. വര്‍ഷാ വര്‍ഷത്തോളം ആവര്‍ത്തിച്ച് ദിനാചരണം നടത്തിയിട്ടും ലഹരി മരുന്നുകളുടെ സ്വാധീനം സമൂഹത്തില്‍ വളര്‍ന്ന് വരുന്നത് ആശങ്കാ ജനകമാണ്. രാജ്യാതിര്‍ത്തികള്‍ക്കും, മത വിശ്വാസങ്ങള്‍ക്കുമപ്പുറം ലോക വ്യാപകമായി ഇവയുണര്‍ത്തുന്ന അപകടങ്ങളെ തരണം ചെയ്യാന്‍ നമുക്കിനിയും ആയിട്ടില്ല.

ലഹരിമരുന്നുകളുടെ കെണിയില്‍ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികള്‍ക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കില്‍ പലരും ദുര്‍ഗതിയില്‍ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാള്‍ വേഗത്തില്‍ വളര്‍ന്നു സമൂഹത്തെ കീഴ്‌പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാന്‍ പറ്റാത്ത, മഹാഗര്‍ത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കള്‍ പതിക്കുന്നത്.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വര്‍ധിച്ചു വരുമ്പോഴും ജനങ്ങള്‍ക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജാതി, മത, പ്രായ ഭേദമന്യേ ലഹരിയൊരുക്കുന്ന അപകടച്ചുഴികളില്‍ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വര്‍ധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് വ്യക്തമാണ്. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടര്‍ന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങള്‍ക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്‌നം ഇതിന് അനിവാര്യമാണ്.

അന്താരാഷ്ട ലഹരി മാഫിയ വിപണിക്കായി ലക്ഷ്യമിട്ടിരിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളെയാണ്. നമ്മുടെ വിഭവ ശേഷികളില്‍ അതിപ്രധാനമായ പുതു തലമുറകളിലാണ് മാഫിയകള്‍ സ്വപ്നം നെയ്യുന്നത്. ഇന്ത്യയുടെ കടല്‍ തീരങ്ങളില്‍ നിന്നുള്ള ലഹരിവേട്ട ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം

ഈ വര്‍ഷത്തെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മയക്ക് മരുന്നുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് യു.എന്‍ നടത്തി വരുന്നത്. മയക്ക് മരുന്നുകളെ കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക, ജീവന്‍ രക്ഷിക്കുക ( Share drug facts, Save lives) എന്ന തീം ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിനം ചര്‍ച്ച ചെയ്യുന്നു. ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ധാരണ മെച്ചെപ്പെടുത്തി എടുക്കാനും അന്താരാഷ്ട്ര തലത്തില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരണം വളര്‍ത്തിയെടുക്കുകയുമാണ് ഈ വര്‍ഷത്തെ ദിനാചരണം ലക്ഷ്യം വെക്കുന്നത്. ലഹരി വസ്തുക്കളെ കുറിച്ചും അത് ആരോഗ്യ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള ശരിയായ അറിവ് പകര്‍ന്ന് നല്‍കിയാല്‍ പ്രലോഭനങ്ങള്‍ വഴിയും അജ്ഞത വഴിയുമുള്ള ലഹരിയിലേക്കുള്ള ചേക്കേറല്‍ നിയന്ത്രിക്കുവാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *