മലപ്പുറം: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 1.157 കിലോ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളെ തട്ടിക്കൊണ്ടുപോയി 67 ലക്ഷം രൂപ വില വരുന്ന 1.157 കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കാലിക്കറ്റ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ 7 പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തെയുമാണ് എയര്‍പോര്‍ട്ട് പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്.

യുഎഇയിലെ അൽ ഐനിൽ നിന്നും 25.06.23 തിയതി കരിപൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മുസ്തഫ എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വര്‍ണ്ണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ആയത് കവര്‍ച്ച ചെയ്യാന്‍ ഒരു കൃമിനല്‍ സംഘം എയര്‍പോര്‍ട്ട് പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.S സുജിത് ദാസ് ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് പരിസരങ്ങളില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

എയര്‍പോര്‍ട്ട് പുറത്ത് സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ റഷീദ് (34) എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. റഷീദിനെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി അറിയാന്‍ സാധിച്ചത്.

നിലവില്‍ ദുബായില്‍ ജോലി ചെയ്തു വരുന്ന കോഴികോട് സ്വദേശികളായ സമീര്‍, ഷാക്കിര്‍, കാഞ്ഞങ്ങാട് സ്വദേശിയായ സാദിഖ് എന്നിവരാണ് ഗോള്‍ഡ് കാരിയറായ മുസ്തഫയുടെ വിവരങ്ങള്‍ റഷീദിന് കൈമാറിയതും മുസ്തഫയെ കിഡ്നാപ്പ് ചെയ്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ റഷീദിനെ നിയോഗിച്ചതും. റഷീദിന് സഹായത്തിനായി വയനാട് നിന്നുള്ള 5 അംഗ സംഘവും സമീറിന്‍റെ നിര്‍ദേശപ്രകാരം എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. അതേ സമയം കസ്റ്റംസ് പരിശോധനളെ അതിജീവിച്ച് കടത്ത് സ്വര്‍ണ്ണവുമായിഎയര്‍പോര്‍ട്ടിന് പുറത്തെത്തിയ മുസ്തഫയും പോലീസ് കസ്റ്റഡിയിലായി. രണ്ടുപേരും പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്തറിഞ്ഞ കവര്‍ച്ചാസംഘം പദ്ധതി ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

ഇതോടെ പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് കവര്‍ച്ചാ സംഘത്തെ പിന്തുടരുകയും വയനാട്ടിലേക്ക് രക്ഷപ്പെട്ട 5 അംഗ സംഘത്തെ വയനാട് വൈത്തിരിയില്‍ വെച്ചും കാസര്‍ഗോഡ് സ്വദേശിയെ കാഞ്ഞങ്ങാട് വെച്ചും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കടത്ത് സ്വര്‍ണ്ണവുമായി കുടുംബ സമേതം സ്വന്തം വീട്ടിലേക്ക് പോകുന്ന കൊടിഞ്ഞി സ്വദേശി മുസ്തഫയെ വിചനമായ സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് നിര്‍ത്തി തട്ടികൊണ്ടുപോയി കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. പോലീസിന്‍റെ ക്രിയാത്മകമായ ഇടപെടലിലൂടെയാണ് കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളിലേക്ക് വരെ നയിക്കാമായിരുന്ന സംഭവവികാസങ്ങള്‍ തടയാനായതും 67 ലക്ഷം രൂപ വിലവരുന്ന കള്ളകടത്ത് സ്വര്‍ണ്ണം പിടിച്ചെടുക്കാനുമായത്.

കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട വയനാട് സ്വദേശികളായ മുനവിര്‍ കെവി (32), നിഷാം ടി (34), സത്താര്‍ ടി കെ (42), റാഷിദ് എ കെ (44), ഇബ്രാഹിം. കെ പി (44), കാസര്‍ഗോഡ് സ്വദേശികളായ റഷീദ് എം (34) , സാജിദ് സി എച് (36) എന്നിവരെയും പിടിച്ചെടുത്ത സ്വര്‍ണ്ണവും മഞ്ചേരി ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കുന്നതൊടൊപ്പം മുസ്തഫക്കെതിരെയുള്ള തൂടര്‍ നടപടിള്‍ക്കായി പ്രിവന്‍റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *