തിരുവനന്തപുരം: വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് റോജി എം ജോണ്‍ പറഞ്ഞു. സപ്ലൈ ഇല്ലാത്ത സപ്ലൈകോയാണ്. സപ്ലൈകോയിലെ സബ്സിഡി വെട്ടിക്കുറച്ച് അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും റോജി എം ജോണ്‍ കുറ്റപ്പെടുത്തി.

സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സപ്ലൈകോയില്‍ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 600 കോടി കുടിശ്ശികയാണ്. പച്ചക്കറിക്ക് തീവിലയാണ്. കാളാഞ്ചിയും കരിമീനും സാധാരണക്കാരന്റെ തീന്‍മീശയില്‍ സ്വപ്നം കാണാന്‍ കഴിയില്ല. 85 രൂപയ്ക്ക് ചിക്കന്‍ നല്‍കുമെന്ന് പറഞ്ഞ മന്ത്രിയുണ്ടിവിടെ. 85 രൂപയ്ക്ക് ചിക്കന്‍ കാല് പോലും ലഭിക്കാത്ത അവസ്ഥയാണ്. വിപണി ഇടപെടലിന് ഒരു തുക പോലും വിനിയോഗിച്ചിട്ടില്ല. ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ചെലവഴിച്ചുകൂടേയെന്ന് ചോദിച്ച റോജി എം ജോണ്‍ വിലക്കയറ്റം ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിലക്കയറ്റം ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും വിലക്കയറ്റം നിയന്ത്രിക്കാനാകുന്നത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാരണമാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കവെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *