
ബാങ്ക് തട്ടിപ്പ് കേസിൽ നാല് പതിറ്റാണ്ടിലേറെയായി നിയമനടപടികളിൽനിന്ന് ഒഴിഞ്ഞുമാറി നടന്ന പിടികിട്ടാപ്പുള്ളിയെ സിബിഐ അറസ്റ്റ് ചെയ്തു. 1985-ൽ 5.69 ലക്ഷം രൂപയുടെ ബാങ്ക് ഓഫ് ഇന്ത്യ തട്ടിപ്പുകേസിൽ അഞ്ച് വർഷം തടവിന് വിധിക്കപ്പെട്ട സതീഷ് കുമാർ ആനന്ദ് നാല് പതിറ്റാണ്ടുകളായി അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് നടക്കുകയായിരുന്നു.
തട്ടിപ്പ് നടത്തുമ്പോൾ മുപ്പതുകളിലായിരുന്ന ഇയാൾക്ക് ഇപ്പോൾ 70 വയസിലധികമുണ്ട്. വടക്കൻ ഡൽഹിയിലെ രോഹിണിയിൽനിന്നാണ് സതീഷ് അറസ്റ്റിലാവുന്നത്. ഇയാളെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കാൻ ഡെറാഡൂണിലേക്ക് കൊണ്ടുപോയി. 1977-ൽ നടന്ന തട്ടിപ്പുകേസിൽ, ബാങ്കിനെ വഞ്ചിക്കാൻ അന്നത്തെ ബാങ്ക് ബ്രാഞ്ച് മാനേജർ സതീഷുമായി ഗൂഢാലോചന നടത്തിയതായും സിബിഐ കണ്ടെത്തിയിരുന്നു.
വ്യാജ രസീതുകൾ ഹാജരാക്കി സ്വകാര്യ കമ്പനിയുടെ പേരിൽ 5.69 ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു സതീഷ്. 1978-ൽ സിബിഐ ഏറ്റെടുത്ത കേസിൽ മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, ശിക്ഷ വിധിച്ച ശേഷം സതീഷ് ഒളിവിൽപോയി. തുടർന്ന് 2009 നവംബർ 30-ന് കോടതി അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
നിരന്തരമായി സ്ഥലം മാറിയും ഒളിത്താവളം മറച്ചുവെച്ചും ന്യൂഡൽഹിയിലെയും ഉത്തർപ്രദേശിലെ ഹാപ്പൂരിലെയും വിലാസങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയും ആനന്ദ് 40 വർഷത്തോളമാണ് ഒളിവിൽ ജീവിച്ചത്. ആനന്ദിന്റെ മകന്റെ പേരിലുള്ള മൊബൈൽ നമ്പർ ലഭിച്ചപ്പോഴാണ് സിബിഐക്ക് ഒടുവിൽ പ്രതിയെ കണ്ടെത്താനായത്.